തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി വിവാദത്തിൽ എ.കെ.ബാലനെ വിമർശിച്ച യുഡിഎഫിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാറാട് കലാപം മുതൽ ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം വരെ നീളുന്ന രാഷ്ട്രീയ ചരിത്രം ഓർമ്മിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതിരേധം.
മാറാട് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് അടുത്തിടെ എ.കെ.ആന്റണി ആവശ്യപ്പെടുന്നത് കേട്ടു. ആർഎസ്എസിന്റെ എതിർപ്പ് ഭയന്നാണ് അന്ന് ആന്റണി കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കി മാറാട് എത്തിയത്. അന്ന് താൻ മാറാട് സന്ദർശിച്ചത് ആരോടും ചോദിച്ചിട്ടല്ലെന്നും യുഡിഎഫ് വർഗീയതയ്ക്ക് കീഴ്പ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾ നൽകുന്നതിലുള്ള അപകടത്തെക്കുറിച്ച് സി.കെ.ഗോവിന്ദൻ നായർ പറഞ്ഞിരുന്നു. ഈ കാര്യങ്ങൾ രമേശ് ചെന്നിത്തല ഒരു പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ ചെന്നിത്തലയുടെ നിലപാട് എന്താണ്. കോൺഗ്രസിന്റെ പഴയ നിലപാടുകൾ യുഡിഎഫിനെ തിരിഞ്ഞു കൊത്തുകയാണ്.
ലീഗ് അഞ്ചാം മന്ത്രിസ്ഥാനം ചോദിച്ചപ്പോൾ അന്ന് വി.ഡി. സതീശന്റെ നിലപാട് എല്ലാവരും കണ്ടതാണ്. ഇന്ന് രാഷ്ട്രീയ ലാഭത്തിന് വേണ്ടി സതീശൻ നിലപാടുകൾ മാറ്റുകയാണ്. ജമാഅത്തെ ഇസ്ലാമി ഇപ്പോൾ മതരാഷ്ട്രവാദം പറയുന്നില്ലെന്ന് വി.ഡി. സതീശൻ തന്നെ സർട്ടിഫിക്കറ്റ് നൽകുന്നത് അവരുടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.